Monday, April 21, 2008

കഥയല്ല കവിതയുമല്ല - 2


പ്രണയം
കനമില്ലാത്ത ഒന്നേ ഒന്ന്
weight= zero, mass= zero
നിര്‍വ്വചനത്തിന്‍ മെരുങ്ങാത്ത കാര്യത്തില്‍
ദൈവം എന്ന വാക്കിന് സമം

ജീവിതം
ഞാന് ധരിച്ചതുപോലെന്ന് ഞാനും
നീ ധരിച്ചതുപോലെന്ന് നീയും
തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വല്ലാത്ത സാധനം
ജീവിതം !


മരണം
എന്തൊരു ശിക്ഷയാണത് !
ഞൊടിയിടയില്‍ ഉണ്ട് എന്ന അഹങ്കാരത്തെ,
ഇല്ല എന്നാക്കുന്ന വിസ്മയം ! പ്രതിഭാസം !
ദൈവത്തിന്റെ കണ്ടുപിടുത്തങ്ങളില്‍ ഏറ്റവും മികച്ചത്
മനുഷ്യന്റെ നിസ്സഹായതകളില്‍ ഏറ്റവും വലുതും
ദൈവമേ !
അതിക്രൂരമാണ് അതിലൊളിപ്പിച്ച നിന്റെ പരിഹാസം


പഴുക്കാത്ത വേര്‍ഷന്‍ : മുമ്പ് പോസ്റ്റിയത്)

Wednesday, April 9, 2008

മാര്‍ക്സിനെ പറ്റിച്ച കേരളം....

മാര്‍ക്സിനെ പറ്റിച്ച കേരളം....


മലയാളി ഇഷ്ടമില്ലാതെ കൊണ്ടുനടക്കുന്ന ഒരു ഭാരമാണ് മാര്‍ക്സിസം. കുരങ്ങ് പാമ്പിനെ പിടിച്ചതു പോലെ, വാലില്‍ മാത്രം പിടപ്പ് ബാക്കിയുള്ള ആ ‘സാധന’ ത്തെ വിട്ടാല്‍ കടിക്കുമോ എന്ന ഭയം നിമിത്തം കഴുത്തിന് അമര്‍ത്തിപ്പിടിച്ച് അനിഷേധ്യമായ മരണം സംഭവിപ്പിക്കുന്നു മലയാളി വിരുത്. പാവം മാര്‍ക്സിനെയും പറ്റിച്ചു കേരളം.
എന്നും നമ്മുടെ ആശയങ്ങള്‍ പുതുക്കപ്പെടുന്നു. എപ്പോഴും തീര്‍ച്ചകള്‍ തിരുത്തപ്പെടുന്നു. ഇന്നിന്റെ ശരിയുടെ കാലാവധി ഇന്നു മാത്രമാണ്. നിരന്തരം മണ്ടനാക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയായി നമ്മെ ഇരുത്തുന്നത് ജീവിതം എന്ന സമസ്യയുടെ രഹസ്യമാണ്. മതം, രാഷ്ട്രീയം തുടങ്ങി എല്ലാ പ്രത്യയശാസ്ത്രങ്ങളും ഊരിവെച്ച്, തൂവല് പോലെ പാറി നടക്കുന്ന മാനസികാവസ്ഥയെ കൈ ചേര്‍ത്ത് പിടിച്ച് നടക്കുന്നത് സങ്കല്‍പ്പിക്കാനെങ്കിലും പറ്റുമെങ്കില്‍ ആശ്വാസത്തിനു വകയുണ്ട്. മത-രാഷ്ടീയ ട്രാപ്പില്‍ നിന്ന് മാത്രമല്ല, പുരുഷന്‍ എന്ന മേധാവിത്വത്തില്‍ നിന്ന്, ലജ്ജയില്‍ നിന്ന്, പേടിയില്‍ നിന്ന്, സകല അപകര്‍ഷതാബോധങ്ങളില്‍ നിന്നും വിമുക്തമായ മനോനില. രണ്ട് ചോയ്സേ ഉള്ളൂ.. ഒന്നുകില്‍ ത്യജിക്കുക, അല്ലെങ്കില്‍ പൂര്‍ണ്ണമായി അലിയുക. ഖരാവസ്ഥയിലുള്ള ജഡം കത്തി പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ അലിയും പോലെ ഒരു പ്രക്രിയ.
ലോകം ഉണ്ടാക്കി വെച്ചിട്ടുള്ള ഏതു തരം നിര്‍വ്വചനങ്ങളും നമ്മെ ശ്വാസം മുട്ടിക്കും. അത്തരം നിര്‍വ്വചനങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ മാത്രം, പക്ഷെ, പ്രയാണത്തിനടയില്‍ ഏതെങ്കിലും നിര്‍വ്വചനങ്ങളുടെ വക്താക്കാളാകാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. നിരന്തരം പുന:പരിശോധന നടത്തുന്ന ഒരു സ്വയം വിപ്ലവകാരിയാവുകയാണ് ഉചിതം. നാമും പ്രപഞ്ചവും മാത്രം കക്ഷികളായുള്ള ഒരു നീതിശാസ്ത്രം രൂപപ്പെടുത്തിയെടുത്ത് ഭാരമില്ലായ്മ ആസ്വദിക്കുക.
ഞാനെന്ന ഒന്നും നീയെന്ന ഒന്നും ചേര്‍ക്കുമ്പോഴുണ്ടാകുന്ന പൂജ്യത്തിലെ ശൂന്യതയിലെ ഇടത്തിലാണ് മതവും രാഷ്ട്രീയവും സ്പേസ് കണ്ടെത്തുന്നത്. സംഘടിച്ച് ശക്തരാവുക എന്ന മനുഷ്യന്റെ മുരടന്‍ ഉപരിപ്ലവ പ്രചോദനം മുതലെടുത്താണ് മതം, രാ‍ഷ്ടീയം എന്ന ആശയം ജനിച്ചത് തന്നെ. എന്ത് ചെയ്യാം അവന്‍ “തന്തയെക്കൊല്ലി” ആയിരിക്കുന്ന അവസ്ഥയായി.
മാര്‍ക്സിനെ ലോകത്ത് പലരും പറ്റിച്ചിട്ടുണ്ട് (സ്മെല്ലിങ്ങ് ചന്തു?). പക്ഷെ ഇമ്മാതിരി “ചെയ്ത്ത്” ആരും ചെയ്തിട്ടുണ്ടാവില്ല. യൂറോപ്പില്‍, പുള്ളി ഇഷ്ട ദൈവമായിരുന്നപ്പോള്‍ ഭരിച്ച പാര്‍ട്ടിക്ക് കേറിക്കിടക്കാന്‍ മര്യാദക്ക് ഒരു കൂരയുണ്ടായിരുന്നില്ല. “സൊസൈറ്റി ഓഫ് എക്സസ്സിവ്നെസ്സ്” ആയ ജനതയായിട്ട് പോലും. എന്നാല്‍ കേറിക്കിടക്കാന്‍ മര്യാദക്കൊരു കൂരയില്ലാത്ത ലക്ഷങ്ങളുള്ള കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഗാന്ധിച്ചൊളയുണ്ടാക്കലിലാണ് നടപ്പ്മാഹാത്മ്യം എന്ന കുരുത്തക്കേടില്‍ കുരുങ്ങി, പരിണാമ സിദ്ധാന്തത്തെ അമ്പരപ്പിക്കും വിധം പാര്‍ട്ടി ഒന്നാന്തരം ബൂര്‍ഷ്വആയി പരിണമിച്ച് മാര്‍ക്സിനെ വാര്‍ദ്ധക്യത്തിലെത്തിച്ചിരിക്കുന്നു.
ഇനി അഥവാ സ്വന്തം കോര്‍പ്പറേറ്റ്സമ സ്ഥാപനങ്ങളിലോ/ചാനലിലോ, തൊഴിലാളി സമരമെങ്ങാനും ഉണ്ടായാല്‍ കൂട്ടത്തോടെ തന്നെ പിരിച്ച് വിടും. ശങ്ക പോലും വേണ്ട. “മേരാ ഗല്ലി മേ മേരാ കുത്താ മേരേലിയെ ബൌ ബൌ കര്‍ത്താ ഹെ?” എന്ന മനോഭാവം. എല്ലാ സമരങ്ങളും, മുന്നേറ്റങ്ങളും നമ്മളില്‍ കൂടി മാത്രമായിരിക്കണം ഇതു വരെ നേടിയ മുന്നേറ്റങ്ങള്‍ക്ക് ഏക കാരണം തങ്ങളാണെന്ന വികലധാരണ വെച്ച് പുലര്‍ത്തുന്നതിലാണ് തെറ്റ്. ഇവിടെ നിലനില്പിന്നാധാരം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഖദര്‍ക്കുട്ടന്മാരുടെ സാന്നിധ്യം മാത്രമാണെന്ന അറിവെങ്കിലും തികഞ്ഞില്ലേ ഇവര്‍ക്ക് (വീണ്ടും ചന്തുമയം?).
പ്രവര്‍ത്തനത്തിന്റെ ശക്തി പോയി, പലകാര്യങ്ങളിലും ആത്മവിശ്വാസക്കുറവ്, ഓടുമ്പോള്‍ കിതപ്പ്, കൈകള്‍ക്ക് വിറ, മെണ കാണിക്കാനുള്ള ഒരു തരം ധൈര്യക്കുറവ്. ചിന്താ-ആശയ-ക്രിയാത്മക ദാരിദ്ര്യം.. തുടങ്ങി വാര്‍ദ്ധക്യസഹജമായ പല ദൌര്‍ബല്യങ്ങളും പാര്‍ട്ടി കാട്ടിത്തുടങ്ങി.

ഇനി ഒരേയൊരു രംഗം ബാക്കി....
നേര്‍ത്ത മരണസംഗീതത്തിന്റെ അകമ്പടിയോടെ
അന്തരീക്ഷത്തില്‍ കുന്തിരിക്കത്തിന്റെ പുകമയത്തില്‍
അവരാ കര്‍മ്മം നിര്‍വ്വഹിക്കുന്നു.
ദുര്‍ബലമായ തേങ്ങലുകള്‍ കേള്‍ക്കാം
വാനോളം ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് മേല്‍
ഒരുപിടി മണ്ണ് വാരിയിടാന്‍ മടിച്ച് നില്‍ക്കുന്ന
തീക്ഷ്ണതയാര്‍ന്ന കണ്ണുകള്‍ ഈറനണിയുന്നു.

Tuesday, April 1, 2008

മുസ്ലിം എന്ന അവസ്ഥാവിഷേശം

മുസ്ലിം എന്ന അവസ്ഥാവിഷേശം..

ചില കാര്യങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തിലേക്ക് നാമറിയാതെ കുത്തിവെക്കപ്പെടുന്നവയാണ്.

ഒരു പുതിയ അവസ്ഥാവിശേഷം “മുസ്ലിം” ആണ്. പൊടുന്നനെ സമൂഹത്തില്‍ അപ്രതീക്ഷിത പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നത് ആദ്യമായുന്നുമല്ല. അന്ധരായ ചിലര്‍ അമേരിക്കന്‍ ഹുങ്കിന്, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് കൊണ്ട് കുത്തിന്പിടിച്ചപ്പോഴൊന്നും സ്ഥിതി ഇത്ര ഭീതിജനകമായിരുന്നില്ല. അതിനു ശേഷമാണ്, ക്രമാനുഗതമായി ഒരു പ്രോഗ്രാമ്ഡ് ആര്‍ട്ട് പോലെ വിഷയം നമ്മുടെയിടയിലേക്ക് കൊണ്ട് വരപ്പെട്ടത്.

ഇന്നിവിടെ ഏത് അജ്ഞാത ബോംബ് ഭീഷണിയുടെയും അറിയപ്പെടാത്ത ആക്രമണങ്ങളുടെയും നിര്‍ബന്ധിത പിതൃത്വം ‘തീവ്രവാദി’ എന്ന വാക്കിനാണ്. തീവ്രവാദിയാണെങ്കില്‍ ‘മുസ്ലീം തീവ്രവാദി’ തന്നെയാണെന്നാണ് വെപ്പ്. ക്രമേണ ആ വെറുപ്പ് മുസ്ലിമിന് അവകാശപ്പെടുത്തിവെക്കുന്നതും കാണാം. തലേക്കെട്ടും, താടിയും, വെള്ളവസ്ത്രങ്ങളും രൂക്ഷമായ നോട്ടങ്ങള്‍ക്കിരയായിത്തുടങ്ങിയിരിക്കുന്നു. വിമാനത്താവളങ്ങളിലും ലോഡ്ജ്-കളിലും മുഹമ്മദും കരീമും പേരിന്റെ പേരില്‍ സംശയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എയിഡ്സ് പരന്നപ്പോള്‍ വേശ്യകള്‍ക്കുണ്ടായിരുന്നു ഈ ദു:സ്ഥിതി. അതടങ്ങിയതു പോലെ ഇതും അടങ്ങുമെന്ന് കരുതുക വയ്യ. കാരണം അത് കാമത്തിന്റേതായിരുന്നെങ്കില്‍ ഇവിടെ മതഭ്രാന്തിന്റെ വിശപ്പാണ്. ഒന്ന് ചെവിയോര്‍ത്താല്‍ ഈ ആശങ്കകള്‍ അതിശക്തമാണെന്ന് ബോധ്യമാവും. ഇതൊരു കൃത്രിമ സൃഷ്ടിയാണ്. ഒരു നല്ല തലച്ചോറ് കൃത്യമായി പ്രോഗ്രാം ചെയ്ത് വെച്ചത് പോലെ. പണ്ടത്തെപോലല്ല, മലയാളി മുസ്ലിമിന്റെ ഭീകരബന്ധങ്ങളെ ഭീകരമായാണ് പത്രങ്ങളും റ്റീവീ ചാനലുകളും കൈകാര്യം ചെയ്യുന്ന വിധം. പത്രം വായിച്ചിട്ട് മുസ്ലിങ്ങളടക്കം, അല്‍ ഖായിദയുടെ ശ്രദ്ധ മുഴുവന്‍ കേരളത്തിലാണ് എന്ന അറിവില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കുറച്ച് മുമ്പ് തിരുവനന്തപുരത്തെ ഒരു മാനസിക രോഗിയായ പയ്യന്‍ ലെറ്റര്‍ബോംബ് അയച്ചതിന് രാജ്യാന്തരഭീകരവാദിയെയെന്നോണം മൊഹ്സിന്‍ എന്ന നിരപരാധിയെയാണ് സ്റ്റേറ്റ് വേട്ടയാടിയത്. പ്രധാനമന്ത്രിക്കും രാഷ്ടപതിക്കുമെതിരെയുള്ള ഈമെയില്‍ നാടകം കേരളജനത ഗംഭീര തീവ്രവാദ ആഘോഷമാക്കി മാറ്റി. വലതനും ഇടതനും, ബിരിയാണി മണക്കുന്ന പച്ചകളും വരെ, തൊട്ടാല്‍ പൊള്ളുമെന്ന ബോധ്യത്താല്‍ നിശ്ചിത അകലം പ്രശ്നത്തോട് പാലിക്കുന്നുണ്ട്. സങ്കീര്‍ണ്ണങ്ങളായവ പൊതുവെ അവര്‍ക്ക് ഇഷ്ടമല്ല. ബേബിഫുഡ് പോലെ എളുപ്പത്തില്‍ ദഹിക്കുന്ന പരുവമുള്ളതിനെയാണ് പഥ്യം.

നിലവില്‍ അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ പിന്നില്‍ മുസ്ലിം ആയിരിക്കുമെന്ന് കേരളവും ആകരുതേയെന്ന് മുസ്ലിങ്ങളും നിശബ്ദ പ്രാര്‍ത്ഥന തുടങ്ങിയിരിക്കും. അറവുശാലയിലേക്ക് നയിക്കപ്പെടുന്ന ആടിന്റെ മൌനമാണ് ചിന്തിക്കുന്ന മുസ്ലിമിന്റെ ഇടയില്‍. ഇല്ലാത്ത ശത്രുവിനോട് യുദ്ധം ചെയ്ത ക്വിക്സോട്ടിയന്‍ കഥയ്ക്ക് നൂറ്റാണ്ടുകള്‍ക്കിപ്പുറം പുന:രാവിഷ്കരണ പാ0ഭേദം ഒന്നു മാത്രം. വാള്‍വീശലില്‍ ലക്ഷ്യമുണ്ട്. എപ്പോശും ഒരു മുസ്ലിം തല! തീവ്രവാദം ആ‍വശ്യമുള്ള NDF പോലുള്ള സംഘടനകള്‍ സന്തോഷത്തിലാണ്. ഈ വേട്ടയെ പരമാവധി പ്രോത്സാഹിപ്പിച്ച് അവസരമായിക്കണ്ട് മെമ്പര്‍ഷിപ്പ് കൂട്ടണം അവര്‍ക്ക്.

അമേരിക്ക ഉച്ഛരിക്കും പടി തന്നെയാണ് ഓരോ കേരളീയന്റെയും നാവില്‍ ആഗോളഭീകരത = മുസ്ലിം എന്ന സമവാക്യം വിളയാടുന്നത്. ഇറാന്‍ ഉണ്ടാക്കുന്ന ബോംബിന്റത്ര പേടി കേരളീയന് (ഇന്ത്യക്കാരന്) വടക്കന്‍ കൊറിയന്‍ ബോംബിനോടില്ല. ഭീകരന്‍, തീവ്രവാദി, അല്‍ഖായിദ, സിമി, മുസ്ലിം, താലിബാനി, കുറ്റം, ഭീഷണി, രാജ്യദ്രോഹി, അപകടം, ഭീതി, ഇവയൊക്കെ ഒരേ പദത്തിന്റെ പര്യായങ്ങളാണീപ്പോള്‍. ചികുന്‍ ഗുനിയ പോലെ പെട്ടെന്നായിപ്പരന്ന ഒരു രോഗമാണിത്. ലോകകോണുകളില്‍ നിന്ന് ഓരോ ഭീകരവാര്‍ത്തയെത്തുമ്പോള്‍ മുസ്ലിങ്ങള്‍ ഞാന്‍ ഭീകരനല്ലായെന്ന് സംസാരിച്ച് ഫലിപ്പിക്കാന്‍ മിനക്കെടുന്ന കാഴ്ചയാണ് ദയനീയം. ഞാന്‍ എങ്ങനെയുള്ളവനാണെന്ന് ഓരോ മീറ്റിങ് പോയിന്റുകളിലും ആവര്‍ത്തിച്ചുറപ്പിച്ച് അവശരായിത്തീര്‍ന്നിരിക്കുന്നു അവര്‍. കൂളിച്ചാമന്‍ ഞാനും കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ്, വല്യേട്ടന്‍ ഭാവത്തിലിരിക്കുന്ന കുട്ടിസഖാവിനോട് കള്ള്ഷാപ്പില്‍ വെച്ച് ചങ്ങാത്തം കൂടുന്ന ദൈന്യതയാര്‍ന്ന കാഴ്ചയാണോര്‍മ്മ വരുന്നത്. സംഗതി യാഥാര്‍ഥ്യമാണ്. മുസ്ലിങ്ങള്‍ ഒളിവിലും തെളിവിലും വല്ലാതെ വാചാലരാകേണ്ടി വരുന്നു. പ്രതിരോധമെന്ന നിലയിലും, നിഷകളങ്കത തെളിയിക്കേണ്ട ബാധ്യത എന്ന നിലയിലും, സംഗതികളുടെ കിടപ്പ് അനുകൂലമെന്ന് കണ്ട് ആളിക്കത്തിക്കേണ്ടതെന്ന രീതിയിലും മുസ്ലിം മാഗസിനുകളും, ലഘുലേഖകളും കൂണുകള്‍ പോലെ പൊങ്ങുന്നുണ്ട്. ശൈശവദശയിലാണെങ്കില്‍ പോലും മലയാളം ബ്ലോഗുകളുടെ കാര്യ്‌വും വിഭിന്നമല്ല. ഒരേയൊരു നല്ല വശം സാക്ഷരതക്കുറവിന്റെ പേര് മാറിക്കിട്ടും.

ചുരുക്കത്തില്‍, ഒരു മുസ്ലിം ആയിരിക്കുക എന്നത് സ്വകാര്യമായ ഭാരമായിത്തീര്‍ന്നിരിക്കുന്നു. ഇര വേട്ടക്കാരന് ബയോഡാറ്റ കൊടുത്ത് കാത്തിരിക്കുന്ന അവസ്ത്ഥ. രണ്ടറ്റത്തും മൌലികവാദികള്‍ കൂടുതല്‍ മൌലികവാദികളായി മാറുകയാവും അന്തിമഫലം. പത്ത് വര്‍ഷത്തിനുള്ളില്‍ മതപ്രമാണികളും രാഷ്ടീയക്കാരും പ്രതികളായ ഒരു ഭീകര വര്‍ഗ്ഗീയകലാപം കേരളത്തിലുണ്ടാവുമെന്ന് പ്രവചിക്കുക സാധ്യം.

ഓരോ മലയാളിക്കുഞ്ഞും ഇരട്ടത്താപ്പുകളിലേക്കാണ് ജനിച്ച് വീഴുന്നത്. ഇടതനോ വലതനോ ആയ രാഷ്ട്രീയത്താപ്പ്. മറ്റൊന്ന്, ത്രിഗണങ്ങളിലൊന്നായി മതത്താപ്പ്. ഒന്നുറപ്പുണ്ട്. അതിവേഗം നമ്മുടെ ബോധമണ്ഡലം കിരാതമായ ഈ പ്രാചീന വിലക്ഷണതകളിലേക്ക് തിരിഞ്ഞ്പോവുകയാണ്. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, അതിപ്രസരമില്ലാത്ത ഒരു കര്‍മ്മമണ്ഡലവുമില്ലാതായിരിക്കുന്നു. പൂര്‍ണ്ണ മുക്തരായിരിക്കുക എന്നത് കടുത്ത ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ നടക്കൂ. കാരണം ഇവിടം അത്രയേറെ ചീഞ്ഞ്കഴിഞ്ഞിരിക്കുന്നു. ഭൂതകാല പിടിയില്‍പെടാതെ നമ്മുടെ മക്കളുടെയെങ്കിലും നാളെകള്‍ ഇന്നലേകളെക്കാള്‍ മെച്ചപ്പെട്ട ഇന്നുകളാക്കാന്‍ ആ ഇച്ഛാശക്തി ആര്‍ജ്ജിച്ചേ മതിയാവൂ..

Wednesday, March 26, 2008

നിങ്ങള്‍ പ്രതിക്കൂട്ടിലാണ്...

നിങ്ങള്‍ പ്രതിക്കൂട്ടിലാണ്.
ആരാണ്‍ ‘നിങ്ങള്‍‘ ? മനുഷ്യന്‍ എന്ന വിഭാഗത്തെ തത്സ്ഥാനത്ത് നിയോഗിക്കാം. നിങ്ങള്‍ എന്ന് വിളിക്കണമെങ്കില്‍ ഒരു ‘ഞാന്‍’ വേണമല്ലൊ. ഭൂമിയിലെ മനുഷ്യരെയെല്ലാം ഒരു വേലിക്കുള്ളിലാക്കി പുറത്ത് കൂട്ടം കൂടി നിന്ന് പുഴു, മണ്ണിര പാറ്റ തുടങ്ങി സകലപ്രപഞ്ചജീവജാലങ്ങളും ആക്രോശിക്കുകയും, തെറിവിളിക്കുകയും ചെയ്യുന്ന വിശാലമായ ഒരു ക്യാന്‍വാസ് സങ്കല്‍പ്പിക്കുക. അതില്‍പ്പെട്ട കേവലം ഒരു മണ്ണിരയെ “ഞാന്‍ “ സ്ഥാനത്ത് അവരോധിക്കാം. അപ്പോള്‍ ‘നിങ്ങള്‍ക്ക് ‘ വേണ്ടി, സ്വപക്ഷചിന്തയുടെ ഇരുട്ട്കൊണ്ട് കാഴ്ച മൂടിയ കറുത്ത കണ്ണാ, നീ പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ പോവുകയാണ്.

കണ്ണാ, ഇതുവരെ നിനക്ക് പരിചയമുള്ളത്, മനുഷ്യന്‍ മനുഷ്യയുക്തിക്ക് മനുഷ്യര്‍ക്ക് വേണ്ടി മാത്രം എഴുതിയ നിയമങ്ങളെയാണ്. എന്നാല്‍ ഈ വിചാരണ മനുഷ്യനീതിയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നല്ല, മറിച്ച് പ്രാപഞ്ചിക നീതിയുടെ കീഴില്‍ നിന്ന് കൊണ്ടാണ്. ആദ്യം, നീ സ്വയം ഉണ്ടെന്ന് ധരിച്ച് വരുന്ന മഹാവലിപ്പബോധത്തിന്റെ തെളിവെടുപ്പ്..

പ്രപഞ്ചം നീണ്ടതാണോ, ഉരുണ്ടതാണോ എന്നൊന്നും നിര്‍വചിച്ചിട്ടില്ല. വെറും ഏഴ് പദാര്‍ത്ഥാവസ്ഥകളെ മാത്രമേ യുഗങ്ങളുടെ അന്വേഷണത്തിന്‍ ശേഷവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഗാലക്സികള്‍ എത്ര കോടിയുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നാമുള്‍പ്പെട്ട ഗാലക്സിയില്‍ എത്രായിരം സൌരയൂഥങ്ങളെന്നും ഉറപ്പില്ല. നമ്മുടെ സ്വന്തം സൂര്യന് കീഴില്‍ ഇനിയുമെത്ര ഗ്രഹങ്ങള്‍ ഒളിച്ച്കളിക്കുന്നു എന്ന് പറയാന്‍ വയ്യ. ആ സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം ഒരൂഹം മാത്രമാണ്. മഹാദൂരങ്ങളില്‍ വിന്യസിക്കപ്പെട്ട മഹാപ്രപഞ്ചത്തിലെ ഭൂമിയുടെ വലുപ്പം സമുദ്രത്തിലെ ഒരു തുള്ളിജലവും സമുദ്രവുമെന്നപോലെയുള്ള താരതമ്യങ്ങളിലൂടെയല്ലാതെ കണക്കുകളിലൂടെ അറിയുക അസാദ്ധ്യം. കാരണം അത്തരം വലിയ കണക്കുകള്‍ നിന്റെ തലച്ചോറിന്റെ സമ്മര്‍ദ്ദം താങ്ങാനുള്ള പരിമിതസാധ്യതകളെ തകര്‍ത്ത്കളയും.

ഇതുവരെയുള്ള അറിവുകളില്‍ ആകെ ജീവത് സാധ്യതയുള്ള ഈ ഭൂമി, അതിലെ ജൈവസ്ഥിതി വിവരക്കണക്കുകള്‍ അതിലേറെ വിചിത്രമാണ് കണ്ണാ. കണ്ടുപിടിക്കപ്പെട്ടിട്ടുള്ള പതിനായിരക്കണക്കിന് ജീവിവര്‍ഗ്ഗമുള്ളതില്‍ ചെറിയൊരു വര്‍ഗ്ഗത്തിന്റെ പേരാണ് മനുഷ്യന്‍. ഗോചരമല്ലാത്ത ലക്ഷക്കണക്കിന് സൂക്ഷ്മജീവിവര്‍ഗങ്ങള്‍ അറിവുകളിലുണ്ട്. അറിവുകള്‍ക്ക് പിടിതരാതെ കോടിക്കണക്കിന്‍ സൂക്ഷാണുവര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന ഉറപ്പുമുണ്ട്. വെളിവായതിനേക്കാള്‍ എത്രയോമടങ്ങ് അധികം അളവിലാണ് മറഞ്ഞ്കിടക്കുന്ന അറിവുകളുടെ ഭാരം! പ്രിയപ്പെട്ട കണ്ണാ, നിന്റെ 600 കോടിയുടെ അവകാശവാദത്തിനും മേലെയാണ് കുഞ്ഞുറുമ്പുകളുടെ എണ്ണവാദം. നിന്റെ കണ്ണിനും ഒരു മീറ്ററ് മുമ്പിലുള്ള ഭിത്തിക്കുമിടയില്‍ 7000 കോടി സൂക്ഷ്മജീവികളുണ്ടെന്നറിയുമ്പോള്‍ തളര്‍ന്ന് വീഴരുത്. നിന്റെ പരമാവധി വലിപ്പത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഭൂമിയില്‍ നിനക്കുചുറ്റുമുള്ള ജീവത്സാന്നിദ്ധ്യങ്ങളുടെ അളവറിവുകള്‍.

ഇനിയാണ് കുറ്റപത്രം.. ഈ ഗോളത്തിന്റെ എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍ എണ്ണത്തില്‍ തീരെ ന്യൂനപക്ഷമായ നിങ്ങളുടെ യോഗ്യത എന്താണ്? ഭൂഖണ്ഡമെന്നും രാഷ്ട്രമെന്നും വീട്ടുസ്വത്തെന്നും അതിരുകളിട്ട് മതില്‍കെട്ടി സ്വന്തമാക്കാന്‍ നിങ്ങള്‍ക്കുള്ള അധിക അധികാരമെന്ത്? ആകാശത്തിനും വായുവിനും ജലത്തിനും മണ്ണിനും അധികാരികളായി നിങ്ങള്‍ സ്വയം പ്രഖ്യാപിച്ചത് വേദഗ്രന്ഥങ്ങളെ കൂട്ട്പിടിച്ചാണ്. എന്നാല്‍ വേദങ്ങളും ദൈവങ്ങളും നിങ്ങളുടെ സൃഷ്ടിക്ക് ശേഷം നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവയാണെന്നതിന് തര്‍ക്കമുണ്ടാവില്ലല്ലോ. അവയിലൊന്നും തന്നെ മനുഷ്യനൊഴിഞ്ഞുള്ള ചരാചരങ്ങള്‍ക്കായി തികച്ചും ഒരു പേജ് നീക്കിവെച്ചിട്ടില്ല താനും. യുക്തിയും ചിന്തയുമാണ് മനുഷ്യന്‍ അന്യജീവികള്‍ക്ക് മേലുള്ള ആധികാരിക മേല്‍ക്കോയ്മയെന്ന് സ്ഥാപിച്ചെടുത്തപ്പോള്‍, ദൈവം യുക്തിക്കും ചിന്തക്കും അതീതമെന്ന് പറയുന്നതും നിങ്ങളില്‍ വിവരമുള്ളവര്‍ തന്നെ. വിശ്വസനീയമായ തെളിവും സാക്ഷ്യവും ഇല്ലാത്ത ദൈവം അനുഭവമാണെന്ന് പറഞ്ഞവസാനിപ്പിച്ച് രക്ഷപ്പെടാന്‍ വരട്ടെ, അനുഭവം കണ്ണാ നിന്റെ മാത്രം സ്വകാര്യാവകാശമാണൊ? തന്റെ രൂപത്തിലും സമഭാവത്തിലും ദൈവം സൃഷ്ടികളില്‍ കേമനായി നിന്നെ പടച്ചപ്പോള്‍ മറ്റുള്ളതെല്ലാം “നിനക്കനുഭവിപ്പാനായി” എന്ന് കല്‍പ്പിച്ചുവെന്നല്ലേ നിന്റെ ഭാഷ്യം. ഇരിക്കട്ടെ ഞങ്ങളില്‍പ്പെടുന്ന H.I.വൈറസും നിനക്ക് വേണ്ടി.

എന്ത് തരം യുക്തിയിലാണ് നിങ്ങള്‍ വിരാജിക്കുന്നത്? നിങ്ങള്‍ക്കുവേണ്ടി മാത്രം ചിന്തിക്കാനും ഉല്‍ക്കണ്ഠപ്പെടാനുമായി മുഴുവന്‍ സമയം ഓഫീസ് തുറന്ന് വെച്ചിരുക്കുന്നവനെന്ന നിലയില്‍ ഇത്രകണ്ട് ദൈവത്തെ വിലകുറച്ച് കാണാന്‍ പാടുണ്ടോ? നിന്ദിച്ചാല്‍ ശിക്ഷിക്കാനും സ്തുതിച്ചാല്‍ രക്ഷിക്കാനും മാത്രം അല്പനോ നിന്റെ ദൈവം? എല്ലാ പ്രകാശദൂരസാദ്ധ്യതകള്‍ക്കുമപ്പുറം നക്ഷ്ത്രങ്ങളെ മറച്ച് വെച്ച കരവിരുതിന്റെ ഉടമ നിന്റെ അവകാശവാദം കേട്ട് ഊറിച്ചിരിക്കുകയാവും. പറക്കുന്ന വണ്ടിയും, ഗണിക്കുന്ന യന്ത്രവും ചുട്ടൊടുക്കുന്ന ബോംബും നിര്‍മ്മിക്കാന്‍ കഴിവ് കാട്ടിയതാണ് കാര്യമെങ്കില്‍ കണ്ണാ അറിഞ്ഞോളൂ, എല്ലാം ഇവിടെത്തന്നെ ഉള്ളതായിരിന്നു. ഒന്നും പുതുതായി ഉണ്ടാക്കുവാനോ നശിപ്പിക്കാനോ നിനക്ക് കഴിഞിട്ടില്ല. ഇവിടെ ഒളിപ്പിച്ച് വെച്ചിട്ടുള്ള കോടാനുകോടി അത്ഭുതസമസ്യകളില്‍ ചില്ലറ എണ്ണത്തില്‍ തുടങ്ങി നിങ്ങള്‍ കണ്ടെടുത്ത് വരുന്നതേയുള്ളൂ. ഓര്‍ക്കുക, നിങ്ങളുടെ അഹന്താഭാരം കൂട്ടിവെച്ച് മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ ഭാരത്തില്‍ നിങ്ങളാല്‍ വരുത്താന്‍ കഴിഞ്ഞ ഏക വ്യതിയാനം. നിങ്ങളെ സൃഷ്ടിച്ചത് അന്തിമമായി ഞങ്ങള്‍ക്ക് ഭക്ഷിക്കാനാണെന്ന് എഴുതിച്ചേര്‍ത്ത് ഞങ്ങളൊരു വേദഗ്രന്ഥമെഴുതിയാല്‍ അതിനായിരിക്കില്ലേ കുറച്ച്കൂടി വിശ്വസനീയമായ യുക്തി!

ജനിച്ച് മരിക്കുംവരെ നിങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് തലപുണ്ണാക്കുന്ന അസംബന്ധത്തെ പരിഹസിക്കാതിരിക്കുന്നതെങ്ങനെ? മുഴുവന്‍സമയം തന്നെപ്പറ്റി മാത്രം സംസാരിക്കുന്ന ഒരു പൊങ്ങച്ചക്കാരനോടാണ് നിങ്ങളെ ഉപമിക്കാനാവുക. മതങ്ങളും ദര്‍ശനങ്ങളുമെല്ലാം മനുഷ്യന്റെ നിലനില്‍പ്പിന് വേണ്ടിയോ മനുഷ്യന്റെ മരണാനന്തരമോക്ഷത്തിനു വേണ്ടിയോ സംസാരിക്കുന്നു. എല്ലാ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പരസ്പരമുള്ള നേടിയെടുക്കലുകള്‍ക്ക് വേണ്ടി സംസാരിച്ച്കൊണ്ടേയിരുന്നു. ഭരണകൂടങ്ങളും കോടതികളും മനുഷ്യനു വേണ്ടി സദാ തുറന്നുവെച്ചിരിക്കുന്നു. വനം മുറിക്കുന്നതും മല തുരക്കുന്നതും പുഴയുടെ ഗതി മാറ്റുന്നതും മനുഷ്യന് വേണ്ടിയെന്ന ന്യായത്തിലാണ്. “വീണപൂവി”ന്റെ വേദനയെക്കുറിച്ച് കവിതയെഴുതുന്നത് മനുഷ്യന്‍ ആസ്വദിക്കാനാണ്. വേദനയെ ആസ്വദിക്കുന്ന മാനവസംസ്കാരം ഉത്കൃഷ്ടമെന്ന് പരക്കെ ബോധ്യവുമാണ്. പ്രണയവും ചിന്തയും വാക്കുകളും കലയുമൊക്കെ തങ്ങളെപ്പറ്റി മാത്രമാണെന്ന് ധരിച്ച് വശായിരിക്കുന്ന കൊച്ചുവിഡ്ഡിക്കൂട്ടമേ, തവളകള്‍ പുറത്താണ്, കിണറ്റിനുള്ളില്‍ നിങ്ങളാണ് പെട്ടിരിക്കുന്നത്.

ഞങ്ങളുടെ കൂട്ടത്തിലെ ഉറുമ്പിന് നിങ്ങളേക്കാള്‍ കാഴ്ചയുണ്ട്. പട്ടിക്ക് നിങ്ങളേക്കാള്‍ ക്ഖ്രാണശക്തിയുണ്ട്, മീനിന് ശ്രവണശേഷിയുണ്ട്, കുയിലിന് ശബ്ദമാധുര്യമുണ്ട്. മണ്ണിരക്ക് ദീര്‍ഗ്ഖ‍വീക്ഷണമുണ്ട്. മാളങ്ങളിലിരിക്കുന്നവര്‍ക്ക് പ്രവചനബോധമുണ്ട്. ഞങ്ങള്‍ക്കൊരു ഭാഷയുണ്ട്. അതില്‍ പാട്ടുകളുണ്ട്. ഇല്ലാത്തത് നിങ്ങളെപോലെ അധിക സംസാരം മാത്രമാണ്. ഞങ്ങളുടെ മൃദുഭാഷണം തിരിച്ചറിയാത്തത് ഞങ്ങളുടേതല്ല, നിങ്ങളുടെ കുറവാണ്. ഞങ്ങളുടെ ലോകത്ത് ആശയങ്ങളുടെയും വിപ്ലവങ്ങളുടെയും ഭാരമില്ല. ഞങ്ങള്‍ മരിക്കാറില്ല. മറ്റൊരാള്‍ക്ക് ഭക്ഷണമായിക്കൊണ്ട് മറ്റൊരു ജീവനിലൂടെ എല്ലയ്പ്പോഴും ഞങ്ങളിവിടെയുണ്ട്. ഞങ്ങള്‍ക്ക് മരണാന്തരസ്ഥിതിയെക്കുറിച്ച് പേടിയില്ല. അതുകൊണ്ട് തന്നെ വേദഗ്രന്ഥങ്ങളുടെ തുണ ഞങ്ങള്‍ക്ക് വേണ്ട. ദൈവത്തിന്റെ നിലനില്‍പ്പിന് ഞങ്ങളുടെ സ്തുതിയുടെയോ ചിന്തയുടെയോ ആനുകൂല്യം വേണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ പ്രാപഞ്ചിക നിയമത്തിനു കീഴില്‍ ഓരോ നിമിഷവും ആത്മീയ നിര്‍വൃതിയിലാണ്. നിങ്ങളെ ഞങ്ങള്‍ വിധിക്കുന്നില്ല. വിധി വെറും മനുഷ്യ ആശയമാണ്.

ഇത്രയൊക്കെ തത്രപ്പാട് കാട്ടിയിട്ടും സ്വസ്ഥത കിട്ടാതെ പരക്കം പായുന്ന നിങ്ങള്‍ക്ക് ഫ്രീയായി ഒരുപദേശം തന്ന് വെറുതെവിടുന്നു. മനുഷ്യനായി പിറന്നു എന്നുള്ളത് അഹങ്കരിക്കാനുള്ള ഒരു കാരണമല്ല. ജീവിച്ചിരിക്കുന്നു എന്നത് വലിയ ഒരു കാര്യവുമല്ല. മതവിശ്വാസിയാകുന്നതോ കമ്മ്യൂണിസ്റ്റാകുന്നതോ നിരീശ്വരവാദിയാകുന്നതോ ഇന്ത്യക്കാരനാവുന്നതോ ആള്‍ക്കൂട്ടത്തില്‍ പ്രമാണിയാവുന്നതോ ഒന്നും ഒന്നുമല്ല. ഒരു ഇല നുള്ളാനായുമ്പോള്‍, നുള്ളാതിരിക്കേണ്ട. വിനീതനാ‍യി പ്രപഞ്ചത്തോട് ക്ഷമാപണത്തോടെ നുള്ളുക. ആരുടെയും വക്താക്കളാവാതെ ഒരാശയത്തിലും കുടുങ്ങിക്കിടക്കാതെ പ്രാപഞ്ചികനാവുക. ഉണറ്ന്നിരിക്കുമ്പോഴെല്ലാം പ്രപഞ്ചത്തിലെ തന്റെ നിസ്സാരതയെക്കുറിച്ച് ഉയറ്ന്ന ബോധത്തിലായിരിക്കുക. ഇനിയും ഈഗോയെ പറിച്ചെറിയാനാവുന്നില്ലെങ്കില്‍ , ഏകാന്തതയില്‍ കണ്ണാടിക്ക് മുമ്പില്‍ പൂറ്ണ്ണ നഗ്നനായി നിന്നുകൊണ്ട് കണ്ണാ.. നിനക്കുനേരെതന്നെ കൈചൂണ്ടി പത്ത് തവണ ചോദിക്കുക. “നീയാര് ?”