Wednesday, April 9, 2008

മാര്‍ക്സിനെ പറ്റിച്ച കേരളം....

മാര്‍ക്സിനെ പറ്റിച്ച കേരളം....


മലയാളി ഇഷ്ടമില്ലാതെ കൊണ്ടുനടക്കുന്ന ഒരു ഭാരമാണ് മാര്‍ക്സിസം. കുരങ്ങ് പാമ്പിനെ പിടിച്ചതു പോലെ, വാലില്‍ മാത്രം പിടപ്പ് ബാക്കിയുള്ള ആ ‘സാധന’ ത്തെ വിട്ടാല്‍ കടിക്കുമോ എന്ന ഭയം നിമിത്തം കഴുത്തിന് അമര്‍ത്തിപ്പിടിച്ച് അനിഷേധ്യമായ മരണം സംഭവിപ്പിക്കുന്നു മലയാളി വിരുത്. പാവം മാര്‍ക്സിനെയും പറ്റിച്ചു കേരളം.
എന്നും നമ്മുടെ ആശയങ്ങള്‍ പുതുക്കപ്പെടുന്നു. എപ്പോഴും തീര്‍ച്ചകള്‍ തിരുത്തപ്പെടുന്നു. ഇന്നിന്റെ ശരിയുടെ കാലാവധി ഇന്നു മാത്രമാണ്. നിരന്തരം മണ്ടനാക്കപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയായി നമ്മെ ഇരുത്തുന്നത് ജീവിതം എന്ന സമസ്യയുടെ രഹസ്യമാണ്. മതം, രാഷ്ട്രീയം തുടങ്ങി എല്ലാ പ്രത്യയശാസ്ത്രങ്ങളും ഊരിവെച്ച്, തൂവല് പോലെ പാറി നടക്കുന്ന മാനസികാവസ്ഥയെ കൈ ചേര്‍ത്ത് പിടിച്ച് നടക്കുന്നത് സങ്കല്‍പ്പിക്കാനെങ്കിലും പറ്റുമെങ്കില്‍ ആശ്വാസത്തിനു വകയുണ്ട്. മത-രാഷ്ടീയ ട്രാപ്പില്‍ നിന്ന് മാത്രമല്ല, പുരുഷന്‍ എന്ന മേധാവിത്വത്തില്‍ നിന്ന്, ലജ്ജയില്‍ നിന്ന്, പേടിയില്‍ നിന്ന്, സകല അപകര്‍ഷതാബോധങ്ങളില്‍ നിന്നും വിമുക്തമായ മനോനില. രണ്ട് ചോയ്സേ ഉള്ളൂ.. ഒന്നുകില്‍ ത്യജിക്കുക, അല്ലെങ്കില്‍ പൂര്‍ണ്ണമായി അലിയുക. ഖരാവസ്ഥയിലുള്ള ജഡം കത്തി പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ അലിയും പോലെ ഒരു പ്രക്രിയ.
ലോകം ഉണ്ടാക്കി വെച്ചിട്ടുള്ള ഏതു തരം നിര്‍വ്വചനങ്ങളും നമ്മെ ശ്വാസം മുട്ടിക്കും. അത്തരം നിര്‍വ്വചനങ്ങള്‍ക്ക് വഴിപ്പെട്ടാല്‍ മാത്രം, പക്ഷെ, പ്രയാണത്തിനടയില്‍ ഏതെങ്കിലും നിര്‍വ്വചനങ്ങളുടെ വക്താക്കാളാകാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. നിരന്തരം പുന:പരിശോധന നടത്തുന്ന ഒരു സ്വയം വിപ്ലവകാരിയാവുകയാണ് ഉചിതം. നാമും പ്രപഞ്ചവും മാത്രം കക്ഷികളായുള്ള ഒരു നീതിശാസ്ത്രം രൂപപ്പെടുത്തിയെടുത്ത് ഭാരമില്ലായ്മ ആസ്വദിക്കുക.
ഞാനെന്ന ഒന്നും നീയെന്ന ഒന്നും ചേര്‍ക്കുമ്പോഴുണ്ടാകുന്ന പൂജ്യത്തിലെ ശൂന്യതയിലെ ഇടത്തിലാണ് മതവും രാഷ്ട്രീയവും സ്പേസ് കണ്ടെത്തുന്നത്. സംഘടിച്ച് ശക്തരാവുക എന്ന മനുഷ്യന്റെ മുരടന്‍ ഉപരിപ്ലവ പ്രചോദനം മുതലെടുത്താണ് മതം, രാ‍ഷ്ടീയം എന്ന ആശയം ജനിച്ചത് തന്നെ. എന്ത് ചെയ്യാം അവന്‍ “തന്തയെക്കൊല്ലി” ആയിരിക്കുന്ന അവസ്ഥയായി.
മാര്‍ക്സിനെ ലോകത്ത് പലരും പറ്റിച്ചിട്ടുണ്ട് (സ്മെല്ലിങ്ങ് ചന്തു?). പക്ഷെ ഇമ്മാതിരി “ചെയ്ത്ത്” ആരും ചെയ്തിട്ടുണ്ടാവില്ല. യൂറോപ്പില്‍, പുള്ളി ഇഷ്ട ദൈവമായിരുന്നപ്പോള്‍ ഭരിച്ച പാര്‍ട്ടിക്ക് കേറിക്കിടക്കാന്‍ മര്യാദക്ക് ഒരു കൂരയുണ്ടായിരുന്നില്ല. “സൊസൈറ്റി ഓഫ് എക്സസ്സിവ്നെസ്സ്” ആയ ജനതയായിട്ട് പോലും. എന്നാല്‍ കേറിക്കിടക്കാന്‍ മര്യാദക്കൊരു കൂരയില്ലാത്ത ലക്ഷങ്ങളുള്ള കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഗാന്ധിച്ചൊളയുണ്ടാക്കലിലാണ് നടപ്പ്മാഹാത്മ്യം എന്ന കുരുത്തക്കേടില്‍ കുരുങ്ങി, പരിണാമ സിദ്ധാന്തത്തെ അമ്പരപ്പിക്കും വിധം പാര്‍ട്ടി ഒന്നാന്തരം ബൂര്‍ഷ്വആയി പരിണമിച്ച് മാര്‍ക്സിനെ വാര്‍ദ്ധക്യത്തിലെത്തിച്ചിരിക്കുന്നു.
ഇനി അഥവാ സ്വന്തം കോര്‍പ്പറേറ്റ്സമ സ്ഥാപനങ്ങളിലോ/ചാനലിലോ, തൊഴിലാളി സമരമെങ്ങാനും ഉണ്ടായാല്‍ കൂട്ടത്തോടെ തന്നെ പിരിച്ച് വിടും. ശങ്ക പോലും വേണ്ട. “മേരാ ഗല്ലി മേ മേരാ കുത്താ മേരേലിയെ ബൌ ബൌ കര്‍ത്താ ഹെ?” എന്ന മനോഭാവം. എല്ലാ സമരങ്ങളും, മുന്നേറ്റങ്ങളും നമ്മളില്‍ കൂടി മാത്രമായിരിക്കണം ഇതു വരെ നേടിയ മുന്നേറ്റങ്ങള്‍ക്ക് ഏക കാരണം തങ്ങളാണെന്ന വികലധാരണ വെച്ച് പുലര്‍ത്തുന്നതിലാണ് തെറ്റ്. ഇവിടെ നിലനില്പിന്നാധാരം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഖദര്‍ക്കുട്ടന്മാരുടെ സാന്നിധ്യം മാത്രമാണെന്ന അറിവെങ്കിലും തികഞ്ഞില്ലേ ഇവര്‍ക്ക് (വീണ്ടും ചന്തുമയം?).
പ്രവര്‍ത്തനത്തിന്റെ ശക്തി പോയി, പലകാര്യങ്ങളിലും ആത്മവിശ്വാസക്കുറവ്, ഓടുമ്പോള്‍ കിതപ്പ്, കൈകള്‍ക്ക് വിറ, മെണ കാണിക്കാനുള്ള ഒരു തരം ധൈര്യക്കുറവ്. ചിന്താ-ആശയ-ക്രിയാത്മക ദാരിദ്ര്യം.. തുടങ്ങി വാര്‍ദ്ധക്യസഹജമായ പല ദൌര്‍ബല്യങ്ങളും പാര്‍ട്ടി കാട്ടിത്തുടങ്ങി.

ഇനി ഒരേയൊരു രംഗം ബാക്കി....
നേര്‍ത്ത മരണസംഗീതത്തിന്റെ അകമ്പടിയോടെ
അന്തരീക്ഷത്തില്‍ കുന്തിരിക്കത്തിന്റെ പുകമയത്തില്‍
അവരാ കര്‍മ്മം നിര്‍വ്വഹിക്കുന്നു.
ദുര്‍ബലമായ തേങ്ങലുകള്‍ കേള്‍ക്കാം
വാനോളം ഉയര്‍ന്ന പ്രതീക്ഷകള്‍ക്ക് മേല്‍
ഒരുപിടി മണ്ണ് വാരിയിടാന്‍ മടിച്ച് നില്‍ക്കുന്ന
തീക്ഷ്ണതയാര്‍ന്ന കണ്ണുകള്‍ ഈറനണിയുന്നു.

6 comments:

കണ്ണൂരാന്‍ - KANNURAN said...

പറ്റിക്കല്‍‌സ് ഇപ്പോഴും തുടരുന്നു. ഇന്നത്തെ വാര്‍ത്ത കണ്ടില്ലെ, പൂട്ടിയിട്ട തിരുവേപ്പതി മില്ലിനു മുന്‍പില്‍ പുതിയ ബോര്‍ഡ് “നായനാര്‍ മെമ്മോറിയല്‍“ സ്ഥാപിച്ചിരിക്കുന്നു. കോടികള്‍ മുടക്കിയാണ് ലേലത്തില്‍ തിരുവേപ്പതി മില്‍ പാര്‍ട്ടി പിടിച്ചത്. തൊഴിലാളികളെ പട്ടിണിയിലായ തൊഴിലാളികള്‍ക്കിതുവരെ നയാപൈസ നഷ്ടപരിഹാരമായി നല്‍കിയില്ല. ആ‍ത്മഹത്യ ചെയ്ത തൊഴിലാളികള്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കിതു കാണേണ്ടി വന്നില്ലല്ലൊ, ഇനിയും നമുക്കു വിളിക്കാം മുദ്രാവാക്യങ്ങള്‍... മാര്‍ക്സിനെ പറ്റിച്ച കേരളം, അര്‍ത്ഥവത്തായ തലക്കെട്ട്.

Dinkan-ഡിങ്കന്‍ said...

മാര്‍ക്സ് ഒന്ന് മാറ്റിപ്പറയട്ടേ
“ഭരതത്തെ ഏതോ ഭൂതം ബാധിച്ചിരിക്കുന്നു”.

Unknown said...

തോഴിലാളി സേനഹവും ഉള്ളവനും ഇല്ലാത്തവ്നും തമ്മിലുള്ള അകലം കുറക്കുകയുമായിരുന്നു.മാര്‍ക്സിന്റെ ലക്ഷ്യം.സര്‍വ്വ രാജ്യാ തോഴിലാളിക്കളെ സംഘടിക്കുവിന്‍ എന്നത് സര്‍വ്വരാജ്യാ മുതലാളിമാരെ എന്നു തിരുത്തി പറയേണ്ടി വരുന്നു എന്നു മാത്രം

കാവലാന്‍ said...

"നിരന്തരം പുന:പരിശോധന നടത്തുന്ന ഒരു സ്വയം വിപ്ലവകാരിയാവുകയാണ് ഉചിതം."

പ്രിയ അഞ്ചുമണി, മുകളിലെ ഈ വരികള്‍ക്കു ഞാനടിവരയിടുന്നു.മനുഷ്യന്‍ ഏതു ഗണത്തില്‍ പെട്ടവനാകട്ടെ,
ഈ വരികള്‍ ആര്‍ക്കും പ്രസക്തമാണ്.മാര്‍ക്സിസത്തെമാത്രമല്ല,രാഷ്ട്രീയത്തെ വ്യഭിചരിക്കുന്ന കൂട്ടിക്കൊടുക്കുന്ന പിമ്പുപണിക്കൂലി കൊണ്ടു കോട്ടാരം പണിയുന്ന ശവം തീനികള്‍ ആധുനീക നേതാക്കന്മാര്‍. ധരിക്കുന്നത് ഖദറല്ല തട്ടിപ്പറിച്ചെടുത്ത ശവക്കച്ചയാണ്,ചോരനീരാക്കി പാവം പണിക്കാരന്‍ നേടിയ ഒരുതുണ്ടു ചേല.

ഓടോ:കഴിഞ്ഞ പോസ്റ്റു പോലെ വേസ്റ്റാവാതിരുന്നെങ്കില്‍.

താരാപഥം said...

ഏത്‌ ദൈവത്തിനെ പിടിച്ചായാലും ഏത്‌ മതത്തിന്റെ ആസനം തഴുകിയാലും - വൈരുദ്ധ്യാത്മക ... --- ... --- മാങ്ങാത്തൊലി സിന്ദാബാദ്‌.

Latheesh Mohan said...
This comment has been removed by the author.