Wednesday, March 26, 2008

നിങ്ങള്‍ പ്രതിക്കൂട്ടിലാണ്...

നിങ്ങള്‍ പ്രതിക്കൂട്ടിലാണ്.
ആരാണ്‍ ‘നിങ്ങള്‍‘ ? മനുഷ്യന്‍ എന്ന വിഭാഗത്തെ തത്സ്ഥാനത്ത് നിയോഗിക്കാം. നിങ്ങള്‍ എന്ന് വിളിക്കണമെങ്കില്‍ ഒരു ‘ഞാന്‍’ വേണമല്ലൊ. ഭൂമിയിലെ മനുഷ്യരെയെല്ലാം ഒരു വേലിക്കുള്ളിലാക്കി പുറത്ത് കൂട്ടം കൂടി നിന്ന് പുഴു, മണ്ണിര പാറ്റ തുടങ്ങി സകലപ്രപഞ്ചജീവജാലങ്ങളും ആക്രോശിക്കുകയും, തെറിവിളിക്കുകയും ചെയ്യുന്ന വിശാലമായ ഒരു ക്യാന്‍വാസ് സങ്കല്‍പ്പിക്കുക. അതില്‍പ്പെട്ട കേവലം ഒരു മണ്ണിരയെ “ഞാന്‍ “ സ്ഥാനത്ത് അവരോധിക്കാം. അപ്പോള്‍ ‘നിങ്ങള്‍ക്ക് ‘ വേണ്ടി, സ്വപക്ഷചിന്തയുടെ ഇരുട്ട്കൊണ്ട് കാഴ്ച മൂടിയ കറുത്ത കണ്ണാ, നീ പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ പോവുകയാണ്.

കണ്ണാ, ഇതുവരെ നിനക്ക് പരിചയമുള്ളത്, മനുഷ്യന്‍ മനുഷ്യയുക്തിക്ക് മനുഷ്യര്‍ക്ക് വേണ്ടി മാത്രം എഴുതിയ നിയമങ്ങളെയാണ്. എന്നാല്‍ ഈ വിചാരണ മനുഷ്യനീതിയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നല്ല, മറിച്ച് പ്രാപഞ്ചിക നീതിയുടെ കീഴില്‍ നിന്ന് കൊണ്ടാണ്. ആദ്യം, നീ സ്വയം ഉണ്ടെന്ന് ധരിച്ച് വരുന്ന മഹാവലിപ്പബോധത്തിന്റെ തെളിവെടുപ്പ്..

പ്രപഞ്ചം നീണ്ടതാണോ, ഉരുണ്ടതാണോ എന്നൊന്നും നിര്‍വചിച്ചിട്ടില്ല. വെറും ഏഴ് പദാര്‍ത്ഥാവസ്ഥകളെ മാത്രമേ യുഗങ്ങളുടെ അന്വേഷണത്തിന്‍ ശേഷവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ഗാലക്സികള്‍ എത്ര കോടിയുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നാമുള്‍പ്പെട്ട ഗാലക്സിയില്‍ എത്രായിരം സൌരയൂഥങ്ങളെന്നും ഉറപ്പില്ല. നമ്മുടെ സ്വന്തം സൂര്യന് കീഴില്‍ ഇനിയുമെത്ര ഗ്രഹങ്ങള്‍ ഒളിച്ച്കളിക്കുന്നു എന്ന് പറയാന്‍ വയ്യ. ആ സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം ഒരൂഹം മാത്രമാണ്. മഹാദൂരങ്ങളില്‍ വിന്യസിക്കപ്പെട്ട മഹാപ്രപഞ്ചത്തിലെ ഭൂമിയുടെ വലുപ്പം സമുദ്രത്തിലെ ഒരു തുള്ളിജലവും സമുദ്രവുമെന്നപോലെയുള്ള താരതമ്യങ്ങളിലൂടെയല്ലാതെ കണക്കുകളിലൂടെ അറിയുക അസാദ്ധ്യം. കാരണം അത്തരം വലിയ കണക്കുകള്‍ നിന്റെ തലച്ചോറിന്റെ സമ്മര്‍ദ്ദം താങ്ങാനുള്ള പരിമിതസാധ്യതകളെ തകര്‍ത്ത്കളയും.

ഇതുവരെയുള്ള അറിവുകളില്‍ ആകെ ജീവത് സാധ്യതയുള്ള ഈ ഭൂമി, അതിലെ ജൈവസ്ഥിതി വിവരക്കണക്കുകള്‍ അതിലേറെ വിചിത്രമാണ് കണ്ണാ. കണ്ടുപിടിക്കപ്പെട്ടിട്ടുള്ള പതിനായിരക്കണക്കിന് ജീവിവര്‍ഗ്ഗമുള്ളതില്‍ ചെറിയൊരു വര്‍ഗ്ഗത്തിന്റെ പേരാണ് മനുഷ്യന്‍. ഗോചരമല്ലാത്ത ലക്ഷക്കണക്കിന് സൂക്ഷ്മജീവിവര്‍ഗങ്ങള്‍ അറിവുകളിലുണ്ട്. അറിവുകള്‍ക്ക് പിടിതരാതെ കോടിക്കണക്കിന്‍ സൂക്ഷാണുവര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന ഉറപ്പുമുണ്ട്. വെളിവായതിനേക്കാള്‍ എത്രയോമടങ്ങ് അധികം അളവിലാണ് മറഞ്ഞ്കിടക്കുന്ന അറിവുകളുടെ ഭാരം! പ്രിയപ്പെട്ട കണ്ണാ, നിന്റെ 600 കോടിയുടെ അവകാശവാദത്തിനും മേലെയാണ് കുഞ്ഞുറുമ്പുകളുടെ എണ്ണവാദം. നിന്റെ കണ്ണിനും ഒരു മീറ്ററ് മുമ്പിലുള്ള ഭിത്തിക്കുമിടയില്‍ 7000 കോടി സൂക്ഷ്മജീവികളുണ്ടെന്നറിയുമ്പോള്‍ തളര്‍ന്ന് വീഴരുത്. നിന്റെ പരമാവധി വലിപ്പത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഭൂമിയില്‍ നിനക്കുചുറ്റുമുള്ള ജീവത്സാന്നിദ്ധ്യങ്ങളുടെ അളവറിവുകള്‍.

ഇനിയാണ് കുറ്റപത്രം.. ഈ ഗോളത്തിന്റെ എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍ എണ്ണത്തില്‍ തീരെ ന്യൂനപക്ഷമായ നിങ്ങളുടെ യോഗ്യത എന്താണ്? ഭൂഖണ്ഡമെന്നും രാഷ്ട്രമെന്നും വീട്ടുസ്വത്തെന്നും അതിരുകളിട്ട് മതില്‍കെട്ടി സ്വന്തമാക്കാന്‍ നിങ്ങള്‍ക്കുള്ള അധിക അധികാരമെന്ത്? ആകാശത്തിനും വായുവിനും ജലത്തിനും മണ്ണിനും അധികാരികളായി നിങ്ങള്‍ സ്വയം പ്രഖ്യാപിച്ചത് വേദഗ്രന്ഥങ്ങളെ കൂട്ട്പിടിച്ചാണ്. എന്നാല്‍ വേദങ്ങളും ദൈവങ്ങളും നിങ്ങളുടെ സൃഷ്ടിക്ക് ശേഷം നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവയാണെന്നതിന് തര്‍ക്കമുണ്ടാവില്ലല്ലോ. അവയിലൊന്നും തന്നെ മനുഷ്യനൊഴിഞ്ഞുള്ള ചരാചരങ്ങള്‍ക്കായി തികച്ചും ഒരു പേജ് നീക്കിവെച്ചിട്ടില്ല താനും. യുക്തിയും ചിന്തയുമാണ് മനുഷ്യന്‍ അന്യജീവികള്‍ക്ക് മേലുള്ള ആധികാരിക മേല്‍ക്കോയ്മയെന്ന് സ്ഥാപിച്ചെടുത്തപ്പോള്‍, ദൈവം യുക്തിക്കും ചിന്തക്കും അതീതമെന്ന് പറയുന്നതും നിങ്ങളില്‍ വിവരമുള്ളവര്‍ തന്നെ. വിശ്വസനീയമായ തെളിവും സാക്ഷ്യവും ഇല്ലാത്ത ദൈവം അനുഭവമാണെന്ന് പറഞ്ഞവസാനിപ്പിച്ച് രക്ഷപ്പെടാന്‍ വരട്ടെ, അനുഭവം കണ്ണാ നിന്റെ മാത്രം സ്വകാര്യാവകാശമാണൊ? തന്റെ രൂപത്തിലും സമഭാവത്തിലും ദൈവം സൃഷ്ടികളില്‍ കേമനായി നിന്നെ പടച്ചപ്പോള്‍ മറ്റുള്ളതെല്ലാം “നിനക്കനുഭവിപ്പാനായി” എന്ന് കല്‍പ്പിച്ചുവെന്നല്ലേ നിന്റെ ഭാഷ്യം. ഇരിക്കട്ടെ ഞങ്ങളില്‍പ്പെടുന്ന H.I.വൈറസും നിനക്ക് വേണ്ടി.

എന്ത് തരം യുക്തിയിലാണ് നിങ്ങള്‍ വിരാജിക്കുന്നത്? നിങ്ങള്‍ക്കുവേണ്ടി മാത്രം ചിന്തിക്കാനും ഉല്‍ക്കണ്ഠപ്പെടാനുമായി മുഴുവന്‍ സമയം ഓഫീസ് തുറന്ന് വെച്ചിരുക്കുന്നവനെന്ന നിലയില്‍ ഇത്രകണ്ട് ദൈവത്തെ വിലകുറച്ച് കാണാന്‍ പാടുണ്ടോ? നിന്ദിച്ചാല്‍ ശിക്ഷിക്കാനും സ്തുതിച്ചാല്‍ രക്ഷിക്കാനും മാത്രം അല്പനോ നിന്റെ ദൈവം? എല്ലാ പ്രകാശദൂരസാദ്ധ്യതകള്‍ക്കുമപ്പുറം നക്ഷ്ത്രങ്ങളെ മറച്ച് വെച്ച കരവിരുതിന്റെ ഉടമ നിന്റെ അവകാശവാദം കേട്ട് ഊറിച്ചിരിക്കുകയാവും. പറക്കുന്ന വണ്ടിയും, ഗണിക്കുന്ന യന്ത്രവും ചുട്ടൊടുക്കുന്ന ബോംബും നിര്‍മ്മിക്കാന്‍ കഴിവ് കാട്ടിയതാണ് കാര്യമെങ്കില്‍ കണ്ണാ അറിഞ്ഞോളൂ, എല്ലാം ഇവിടെത്തന്നെ ഉള്ളതായിരിന്നു. ഒന്നും പുതുതായി ഉണ്ടാക്കുവാനോ നശിപ്പിക്കാനോ നിനക്ക് കഴിഞിട്ടില്ല. ഇവിടെ ഒളിപ്പിച്ച് വെച്ചിട്ടുള്ള കോടാനുകോടി അത്ഭുതസമസ്യകളില്‍ ചില്ലറ എണ്ണത്തില്‍ തുടങ്ങി നിങ്ങള്‍ കണ്ടെടുത്ത് വരുന്നതേയുള്ളൂ. ഓര്‍ക്കുക, നിങ്ങളുടെ അഹന്താഭാരം കൂട്ടിവെച്ച് മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ ഭാരത്തില്‍ നിങ്ങളാല്‍ വരുത്താന്‍ കഴിഞ്ഞ ഏക വ്യതിയാനം. നിങ്ങളെ സൃഷ്ടിച്ചത് അന്തിമമായി ഞങ്ങള്‍ക്ക് ഭക്ഷിക്കാനാണെന്ന് എഴുതിച്ചേര്‍ത്ത് ഞങ്ങളൊരു വേദഗ്രന്ഥമെഴുതിയാല്‍ അതിനായിരിക്കില്ലേ കുറച്ച്കൂടി വിശ്വസനീയമായ യുക്തി!

ജനിച്ച് മരിക്കുംവരെ നിങ്ങള്‍ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് തലപുണ്ണാക്കുന്ന അസംബന്ധത്തെ പരിഹസിക്കാതിരിക്കുന്നതെങ്ങനെ? മുഴുവന്‍സമയം തന്നെപ്പറ്റി മാത്രം സംസാരിക്കുന്ന ഒരു പൊങ്ങച്ചക്കാരനോടാണ് നിങ്ങളെ ഉപമിക്കാനാവുക. മതങ്ങളും ദര്‍ശനങ്ങളുമെല്ലാം മനുഷ്യന്റെ നിലനില്‍പ്പിന് വേണ്ടിയോ മനുഷ്യന്റെ മരണാനന്തരമോക്ഷത്തിനു വേണ്ടിയോ സംസാരിക്കുന്നു. എല്ലാ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പരസ്പരമുള്ള നേടിയെടുക്കലുകള്‍ക്ക് വേണ്ടി സംസാരിച്ച്കൊണ്ടേയിരുന്നു. ഭരണകൂടങ്ങളും കോടതികളും മനുഷ്യനു വേണ്ടി സദാ തുറന്നുവെച്ചിരിക്കുന്നു. വനം മുറിക്കുന്നതും മല തുരക്കുന്നതും പുഴയുടെ ഗതി മാറ്റുന്നതും മനുഷ്യന് വേണ്ടിയെന്ന ന്യായത്തിലാണ്. “വീണപൂവി”ന്റെ വേദനയെക്കുറിച്ച് കവിതയെഴുതുന്നത് മനുഷ്യന്‍ ആസ്വദിക്കാനാണ്. വേദനയെ ആസ്വദിക്കുന്ന മാനവസംസ്കാരം ഉത്കൃഷ്ടമെന്ന് പരക്കെ ബോധ്യവുമാണ്. പ്രണയവും ചിന്തയും വാക്കുകളും കലയുമൊക്കെ തങ്ങളെപ്പറ്റി മാത്രമാണെന്ന് ധരിച്ച് വശായിരിക്കുന്ന കൊച്ചുവിഡ്ഡിക്കൂട്ടമേ, തവളകള്‍ പുറത്താണ്, കിണറ്റിനുള്ളില്‍ നിങ്ങളാണ് പെട്ടിരിക്കുന്നത്.

ഞങ്ങളുടെ കൂട്ടത്തിലെ ഉറുമ്പിന് നിങ്ങളേക്കാള്‍ കാഴ്ചയുണ്ട്. പട്ടിക്ക് നിങ്ങളേക്കാള്‍ ക്ഖ്രാണശക്തിയുണ്ട്, മീനിന് ശ്രവണശേഷിയുണ്ട്, കുയിലിന് ശബ്ദമാധുര്യമുണ്ട്. മണ്ണിരക്ക് ദീര്‍ഗ്ഖ‍വീക്ഷണമുണ്ട്. മാളങ്ങളിലിരിക്കുന്നവര്‍ക്ക് പ്രവചനബോധമുണ്ട്. ഞങ്ങള്‍ക്കൊരു ഭാഷയുണ്ട്. അതില്‍ പാട്ടുകളുണ്ട്. ഇല്ലാത്തത് നിങ്ങളെപോലെ അധിക സംസാരം മാത്രമാണ്. ഞങ്ങളുടെ മൃദുഭാഷണം തിരിച്ചറിയാത്തത് ഞങ്ങളുടേതല്ല, നിങ്ങളുടെ കുറവാണ്. ഞങ്ങളുടെ ലോകത്ത് ആശയങ്ങളുടെയും വിപ്ലവങ്ങളുടെയും ഭാരമില്ല. ഞങ്ങള്‍ മരിക്കാറില്ല. മറ്റൊരാള്‍ക്ക് ഭക്ഷണമായിക്കൊണ്ട് മറ്റൊരു ജീവനിലൂടെ എല്ലയ്പ്പോഴും ഞങ്ങളിവിടെയുണ്ട്. ഞങ്ങള്‍ക്ക് മരണാന്തരസ്ഥിതിയെക്കുറിച്ച് പേടിയില്ല. അതുകൊണ്ട് തന്നെ വേദഗ്രന്ഥങ്ങളുടെ തുണ ഞങ്ങള്‍ക്ക് വേണ്ട. ദൈവത്തിന്റെ നിലനില്‍പ്പിന് ഞങ്ങളുടെ സ്തുതിയുടെയോ ചിന്തയുടെയോ ആനുകൂല്യം വേണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ പ്രാപഞ്ചിക നിയമത്തിനു കീഴില്‍ ഓരോ നിമിഷവും ആത്മീയ നിര്‍വൃതിയിലാണ്. നിങ്ങളെ ഞങ്ങള്‍ വിധിക്കുന്നില്ല. വിധി വെറും മനുഷ്യ ആശയമാണ്.

ഇത്രയൊക്കെ തത്രപ്പാട് കാട്ടിയിട്ടും സ്വസ്ഥത കിട്ടാതെ പരക്കം പായുന്ന നിങ്ങള്‍ക്ക് ഫ്രീയായി ഒരുപദേശം തന്ന് വെറുതെവിടുന്നു. മനുഷ്യനായി പിറന്നു എന്നുള്ളത് അഹങ്കരിക്കാനുള്ള ഒരു കാരണമല്ല. ജീവിച്ചിരിക്കുന്നു എന്നത് വലിയ ഒരു കാര്യവുമല്ല. മതവിശ്വാസിയാകുന്നതോ കമ്മ്യൂണിസ്റ്റാകുന്നതോ നിരീശ്വരവാദിയാകുന്നതോ ഇന്ത്യക്കാരനാവുന്നതോ ആള്‍ക്കൂട്ടത്തില്‍ പ്രമാണിയാവുന്നതോ ഒന്നും ഒന്നുമല്ല. ഒരു ഇല നുള്ളാനായുമ്പോള്‍, നുള്ളാതിരിക്കേണ്ട. വിനീതനാ‍യി പ്രപഞ്ചത്തോട് ക്ഷമാപണത്തോടെ നുള്ളുക. ആരുടെയും വക്താക്കളാവാതെ ഒരാശയത്തിലും കുടുങ്ങിക്കിടക്കാതെ പ്രാപഞ്ചികനാവുക. ഉണറ്ന്നിരിക്കുമ്പോഴെല്ലാം പ്രപഞ്ചത്തിലെ തന്റെ നിസ്സാരതയെക്കുറിച്ച് ഉയറ്ന്ന ബോധത്തിലായിരിക്കുക. ഇനിയും ഈഗോയെ പറിച്ചെറിയാനാവുന്നില്ലെങ്കില്‍ , ഏകാന്തതയില്‍ കണ്ണാടിക്ക് മുമ്പില്‍ പൂറ്ണ്ണ നഗ്നനായി നിന്നുകൊണ്ട് കണ്ണാ.. നിനക്കുനേരെതന്നെ കൈചൂണ്ടി പത്ത് തവണ ചോദിക്കുക. “നീയാര് ?”


2 comments:

5:00 മണി said...

ഒരു ഇല നുള്ളാനായുമ്പോള്‍, നുള്ളാതിരിക്കേണ്ട. വിനീതനാ‍യി പ്രപഞ്ചത്തോട് ക്ഷമാപണത്തോടെ നുള്ളുക

ബാജി ഓടംവേലി said...

സ്വാഗതം.......
തുടരുക......