മുസ്ലിം എന്ന അവസ്ഥാവിഷേശം..ചില കാര്യങ്ങള്‍ നമ്മുടെ ബോധമണ്ഡലത്തിലേക്ക് നാമറിയാതെ കുത്തിവെക്കപ്പെടുന്നവയാണ്.
ഒരു പുതിയ അവസ്ഥാവിശേഷം “മുസ്ലിം” ആണ്. പൊടുന്നനെ സമൂഹത്തില്‍ അപ്രതീക്ഷിത പ്രതിഭാസങ്ങള്‍ ഉണ്ടാവുന്നത് ആദ്യമായുന്നുമല്ല. അന്ധരായ ചിലര്‍ അമേരിക്കന്‍ ഹുങ്കിന്, വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത് കൊണ്ട് കുത്തിന്പിടിച്ചപ്പോഴൊന്നും സ്ഥിതി ഇത്ര ഭീതിജനകമായിരുന്നില്ല. അതിനു ശേഷമാണ്, ക്രമാനുഗതമായി ഒരു പ്രോഗ്രാമ്ഡ് ആര്‍ട്ട് പോലെ വിഷയം നമ്മുടെയിടയിലേക്ക് കൊണ്ട് വരപ്പെട്ടത്.
ഇന്നിവിടെ ഏത് അജ്ഞാത ബോംബ് ഭീഷണിയുടെയും അറിയപ്പെടാത്ത ആക്രമണങ്ങളുടെയും നിര്‍ബന്ധിത പിതൃത്വം ‘തീവ്രവാദി’ എന്ന വാക്കിനാണ്. തീവ്രവാദിയാണെങ്കില്‍ ‘മുസ്ലീം തീവ്രവാദി’ തന്നെയാണെന്നാണ് വെപ്പ്. ക്രമേണ ആ വെറുപ്പ് മുസ്ലിമിന് അവകാശപ്പെടുത്തിവെക്കുന്നതും കാണാം. തലേക്കെട്ടും, താടിയും, വെള്ളവസ്ത്രങ്ങളും രൂക്ഷമായ നോട്ടങ്ങള്‍ക്കിരയായിത്തുടങ്ങിയിരിക്കുന്നു. വിമാനത്താവളങ്ങളിലും ലോഡ്ജ്-കളിലും മുഹമ്മദും കരീമും പേരിന്റെ പേരില്‍ സംശയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എയിഡ്സ് പരന്നപ്പോള്‍ വേശ്യകള്‍ക്കുണ്ടായിരുന്നു ഈ ദു:സ്ഥിതി. അതടങ്ങിയതു പോലെ ഇതും അടങ്ങുമെന്ന് കരുതുക വയ്യ. കാരണം അത് കാമത്തിന്റേതായിരുന്നെങ്കില്‍ ഇവിടെ മതഭ്രാന്തിന്റെ വിശപ്പാണ്. ഒന്ന് ചെവിയോര്‍ത്താല്‍ ഈ ആശങ്കകള്‍ അതിശക്തമാണെന്ന് ബോധ്യമാവും. ഇതൊരു കൃത്രിമ സൃഷ്ടിയാണ്. ഒരു നല്ല തലച്ചോറ് കൃത്യമായി പ്രോഗ്രാം ചെയ്ത് വെച്ചത് പോലെ. പണ്ടത്തെപോലല്ല, മലയാളി മുസ്ലിമിന്റെ ഭീകരബന്ധങ്ങളെ ഭീകരമായാണ് പത്രങ്ങളും റ്റീവീ ചാനലുകളും കൈകാര്യം ചെയ്യുന്ന വിധം. പത്രം വായിച്ചിട്ട് മുസ്ലിങ്ങളടക്കം, അല്‍ ഖായിദയുടെ ശ്രദ്ധ മുഴുവന്‍ കേരളത്തിലാണ് എന്ന അറിവില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കുറച്ച് മുമ്പ് തിരുവനന്തപുരത്തെ ഒരു മാനസിക രോഗിയായ പയ്യന്‍ ലെറ്റര്‍ബോംബ് അയച്ചതിന് രാജ്യാന്തരഭീകരവാദിയെയെന്നോണം മൊഹ്സിന്‍ എന്ന നിരപരാധിയെയാണ് സ്റ്റേറ്റ് വേട്ടയാടിയത്. പ്രധാനമന്ത്രിക്കും രാഷ്ടപതിക്കുമെതിരെയുള്ള ഈമെയില്‍ നാടകം കേരളജനത ഗംഭീര തീവ്രവാദ ആഘോഷമാക്കി മാറ്റി. വലതനും ഇടതനും, ബിരിയാണി മണക്കുന്ന പച്ചകളും വരെ, തൊട്ടാല്‍ പൊള്ളുമെന്ന ബോധ്യത്താല്‍ നിശ്ചിത അകലം പ്രശ്നത്തോട് പാലിക്കുന്നുണ്ട്. സങ്കീര്‍ണ്ണങ്ങളായവ പൊതുവെ അവര്‍ക്ക് ഇഷ്ടമല്ല. ബേബിഫുഡ് പോലെ എളുപ്പത്തില്‍ ദഹിക്കുന്ന പരുവമുള്ളതിനെയാണ് പഥ്യം.
നിലവില്‍ അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ പിന്നില്‍ മുസ്ലിം ആയിരിക്കുമെന്ന് കേരളവും ആകരുതേയെന്ന് മുസ്ലിങ്ങളും നിശബ്ദ പ്രാര്‍ത്ഥന തുടങ്ങിയിരിക്കും. അറവുശാലയിലേക്ക് നയിക്കപ്പെടുന്ന ആടിന്റെ മൌനമാണ് ചിന്തിക്കുന്ന മുസ്ലിമിന്റെ ഇടയില്‍. ഇല്ലാത്ത ശത്രുവിനോട് യുദ്ധം ചെയ്ത ക്വിക്സോട്ടിയന്‍ കഥയ്ക്ക് നൂറ്റാണ്ടുകള്‍ക്കിപ്പുറം പുന:രാവിഷ്കരണ പാ0ഭേദം ഒന്നു മാത്രം. വാള്‍വീശലില്‍ ലക്ഷ്യമുണ്ട്. എപ്പോശും ഒരു മുസ്ലിം തല! തീവ്രവാദം ആവശ്യമുള്ള NDF പോലുള്ള സംഘടനകള്‍ സന്തോഷത്തിലാണ്. ഈ വേട്ടയെ പരമാവധി പ്രോത്സാഹിപ്പിച്ച് അവസരമായിക്കണ്ട് മെമ്പര്‍ഷിപ്പ് കൂട്ടണം അവര്‍ക്ക്.
അമേരിക്ക ഉച്ഛരിക്കും പടി തന്നെയാണ് ഓരോ കേരളീയന്റെയും നാവില്‍ ആഗോളഭീകരത = മുസ്ലിം എന്ന സമവാക്യം വിളയാടുന്നത്. ഇറാന്‍ ഉണ്ടാക്കുന്ന ബോംബിന്റത്ര പേടി കേരളീയന് (ഇന്ത്യക്കാരന്) വടക്കന്‍ കൊറിയന്‍ ബോംബിനോടില്ല. ഭീകരന്‍, തീവ്രവാദി, അല്‍ഖായിദ, സിമി, മുസ്ലിം, താലിബാനി, കുറ്റം, ഭീഷണി, രാജ്യദ്രോഹി, അപകടം, ഭീതി, ഇവയൊക്കെ ഒരേ പദത്തിന്റെ പര്യായങ്ങളാണീപ്പോള്‍. ചികുന്‍ ഗുനിയ പോലെ പെട്ടെന്നായിപ്പരന്ന ഒരു രോഗമാണിത്. ലോകകോണുകളില്‍ നിന്ന് ഓരോ ഭീകരവാര്‍ത്തയെത്തുമ്പോള്‍ മുസ്ലിങ്ങള്‍ ഞാന്‍ ഭീകരനല്ലായെന്ന് സംസാരിച്ച് ഫലിപ്പിക്കാന്‍ മിനക്കെടുന്ന കാഴ്ചയാണ് ദയനീയം. ഞാന്‍ എങ്ങനെയുള്ളവനാണെന്ന് ഓരോ മീറ്റിങ് പോയിന്റുകളിലും ആവര്‍ത്തിച്ചുറപ്പിച്ച് അവശരായിത്തീര്‍ന്നിരിക്കുന്നു അവര്‍. കൂളിച്ചാമന്‍ ഞാനും കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ്, വല്യേട്ടന്‍ ഭാവത്തിലിരിക്കുന്ന കുട്ടിസഖാവിനോട് കള്ള്ഷാപ്പില്‍ വെച്ച് ചങ്ങാത്തം കൂടുന്ന ദൈന്യതയാര്‍ന്ന കാഴ്ചയാണോര്‍മ്മ വരുന്നത്. സംഗതി യാഥാര്‍ഥ്യമാണ്. മുസ്ലിങ്ങള്‍ ഒളിവിലും തെളിവിലും വല്ലാതെ വാചാലരാകേണ്ടി വരുന്നു. പ്രതിരോധമെന്ന നിലയിലും, നിഷകളങ്കത തെളിയിക്കേണ്ട ബാധ്യത എന്ന നിലയിലും, സംഗതികളുടെ കിടപ്പ് അനുകൂലമെന്ന് കണ്ട് ആളിക്കത്തിക്കേണ്ടതെന്ന രീതിയിലും മുസ്ലിം മാഗസിനുകളും, ലഘുലേഖകളും കൂണുകള്‍ പോലെ പൊങ്ങുന്നുണ്ട്. ശൈശവദശയിലാണെങ്കില്‍ പോലും മലയാളം ബ്ലോഗുകളുടെ കാര്യ്‌വും വിഭിന്നമല്ല. ഒരേയൊരു നല്ല വശം സാക്ഷരതക്കുറവിന്റെ പേര് മാറിക്കിട്ടും.
ചുരുക്കത്തില്‍, ഒരു മുസ്ലിം ആയിരിക്കുക എന്നത് സ്വകാര്യമായ ഭാരമായിത്തീര്‍ന്നിരിക്കുന്നു. ഇര വേട്ടക്കാരന് ബയോഡാറ്റ കൊടുത്ത് കാത്തിരിക്കുന്ന അവസ്ത്ഥ. രണ്ടറ്റത്തും മൌലികവാദികള്‍ കൂടുതല്‍ മൌലികവാദികളായി മാറുകയാവും അന്തിമഫലം. പത്ത് വര്‍ഷത്തിനുള്ളില്‍ മതപ്രമാണികളും രാഷ്ടീയക്കാരും പ്രതികളായ ഒരു ഭീകര വര്‍ഗ്ഗീയകലാപം കേരളത്തിലുണ്ടാവുമെന്ന് പ്രവചിക്കുക സാധ്യം.
ഓരോ മലയാളിക്കുഞ്ഞും ഇരട്ടത്താപ്പുകളിലേക്കാണ് ജനിച്ച് വീഴുന്നത്. ഇടതനോ വലതനോ ആയ രാഷ്ട്രീയത്താപ്പ്. മറ്റൊന്ന്, ത്രിഗണങ്ങളിലൊന്നായി മതത്താപ്പ്. ഒന്നുറപ്പുണ്ട്. അതിവേഗം നമ്മുടെ ബോധമണ്ഡലം കിരാതമായ ഈ പ്രാചീന വിലക്ഷണതകളിലേക്ക് തിരിഞ്ഞ്പോവുകയാണ്. മതത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ, അതിപ്രസരമില്ലാത്ത ഒരു കര്‍മ്മമണ്ഡലവുമില്ലാതായിരിക്കുന്നു. പൂര്‍ണ്ണ മുക്തരായിരിക്കുക എന്നത് കടുത്ത ഇച്ഛാശക്തിയുണ്ടെങ്കില്‍ മാത്രമേ നടക്കൂ. കാരണം ഇവിടം അത്രയേറെ ചീഞ്ഞ്കഴിഞ്ഞിരിക്കുന്നു. ഭൂതകാല പിടിയില്‍പെടാതെ നമ്മുടെ മക്കളുടെയെങ്കിലും നാളെകള്‍ ഇന്നലേകളെക്കാള്‍ മെച്ചപ്പെട്ട ഇന്നുകളാക്കാന്‍ ആ ഇച്ഛാശക്തി ആര്‍ജ്ജിച്ചേ മതിയാവൂ..